ഡൽഹിയിലെ കൊടും തണുപ്പിൽ, വിപ്ലവം വിളഞ്ഞു നിൽക്കുന്നു. അതിജീവനം ലക്ഷ്യമാക്കി പാകിയ വിപ്ലവം നെഞ്ചു വിരിച്ചു കൈകൾ കോർത്ത് മണ്ണിലുറച്ചു നിൽക്കുന്നു. ജല പീരങ്കികൾക്കു മുന്നിൽ പതറാതെ, ആ വിപ്ലവത്തിന്റെ വേരുകൾ അത്രമേൽ ആഴത്തിൽ രാജ്യമെങ്ങും പടർന്നു കൊണ്ടിരിക്കുന്നു. ഒരിക്കലും അടിച്ചമർത്താൻ കഴിയാത്ത വിധം ആ വിപ്ലവം അവകാശങ്ങൾക്കു വേണ്ടി പോരാടി കൊണ്ടിരിക്കുകയാണ്. കണ്ടില്ലയെന്നു നടിക്കാൻ ഇനിയാർക്കുമാവില്ല.
പഞ്ചാബിലെ കടുകു പാടങ്ങൾക്കിടയിൽ വിതച്ച വിപ്ലവം ഒരു പകലിൽ രാജ്യത്തെയാകെ നടുക്കി കളഞ്ഞു. ഇനിയും മിണ്ടാതിരിക്കാൻ കഴിയാത്തതു കൊണ്ട് ഇന്ത്യ നിങ്ങളുടേതല്ല നമ്മുടേതാണെന്ന് പറഞ്ഞു കൊടുക്കാൻ വേണ്ടി ഒരു കൂട്ടം കർഷകർ ട്രാക്ടറിൽ ഡൽഹിയെ ലക്ഷ്യമാക്കി നീങ്ങിയത്, അടിച്ചമർത്തലിൽ തളർന്ന് തിരിച്ചു പോകാനായിരുന്നില്ല.
ഒരു രാഷ്ട്രീയ സംഘടന കളുടെയും പിന്തുണയില്ലാതെ സാധാരണ ജനങ്ങൾ, കർഷകർ ഒറ്റകെട്ടായി നിന്ന 'ദില്ലി ചലോ' അധികാരത്തിലിരിക്കുന്നവർക്ക് നൽകിയ ഭയം തെല്ലൊന്നുമല്ല. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കർഷക സംഘടനകൾ ഇങ്ങനൊരു പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്നു വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരത്തിലേക്കിറങ്ങുമ്പോൾ കർഷകർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.സമരം ഒരിക്കലും കൃഷിയെ ബാധിക്കാതിരിക്കാൻ അവരെടുത്ത മുൻകരുതലുകൾ, ഏതൊക്കെ തരത്തിലുള്ള അടിച്ചമർത്തലുകളും നേരിടാനുള്ള കരുത്ത്, ആറു മാസത്തേക്ക് ആവിശ്യമായ ഭക്ഷ്യ വസ്തുക്കൾ എല്ലാം ശേഖരിച്ച്, അവർ ഡൽഹിയിലേക്ക് പോരാനുറപ്പിക്കുമ്പോൾ വിജയം മാത്രമായിരുന്നു ലക്ഷ്യം.
ഇതു ജീവിതസമരമാണെന്നുറപ്പിച്ച കർഷകനു മുന്നിൽ ഒന്നും തടസ്സമായി തോന്നിയില്ല. കോവിഡിനെയും, തണുപ്പിനേയും, ജല പീരങ്കികളെയും തടഞ്ഞു നിർത്തി അവർ മുന്നോട്ടു തന്നെ പോയ്കൊണ്ടിരിക്കുന്നു.
പഞ്ചാബിന്റെ ഉശിരുറ്റ ഗോതമ്പു പാടങ്ങളിൽ വിളവെടുത്ത കർഷകരാണ്, മണ്ണിന്റെ മണമുള്ളവർ, രാജ്യത്തെ പട്ടിണി കിടക്കാൻ അനുവദിക്കാത്തവർ, അവർ വിളയിച്ച ഈ വിപ്ലവം പറഞ്ഞു വെക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ഇത് തുടക്കം മാത്രമാണ്. നിങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്തും അപ്പാടെ വിഴുങ്ങാൻ കഴിയാത്തൊരു ജനത കൂടിയിവിടെയുണ്ടെന്ന്, ഞങ്ങളുടെ അവകാശങ്ങളെടുത്തു കളയാൻ ആർക്കുമാധികാരമില്ലെന്ന്.
ഓരോ വിപ്ലവങ്ങളുമോർമ്മപ്പെടുത്തലുകളാണ്, ഇനിയൊരു കാലത്തിലേക്കുള്ള ഓർമ്മപ്പെടുത്തൽ.
3 Comments
Viplavam vijayikattae
ReplyDeleteViplavam vijayikattae
ReplyDeleteViplavam vijayikattae
ReplyDelete