മഴയും വെയിലുമേറ്റ് വാടാതെ നിന്നൊരു പൂവിന്റെ പ്രണയ കഥ. അതിന്റെ നിറവും മണവും അവനോടു ചേർത്ത് വെച്ച് ഒരിക്കലെങ്കിലും അവന്റെ കൈ പിടിക്കാൻ കൊതിച്ച പ്രണയ കഥ. ഒരു പെണ്ണ് പ്രണയിച്ച കഥ. തമിഴ് സിനിമയിൽ പ്രണയം വിഷയമായി ഒരുപാട് സിനിമകൾ വന്നു പോയിട്ടുണ്ടെങ്കിലും "പൂ" അവയിൽ നിന്നൊക്കെ വളരെ വ്യത്യസ്‍തമാണ്.
വരണ്ടു ഉണങ്ങിയൊരു ഗ്രാമത്തിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്റെ പ്രണയം ഒരു വെയിലിലും വാടാതെ സൂക്ഷിക്കുന്ന മാരിയുടെ കഥയാണ് "പൂ".
സ്ത്രീയുടെ മാത്രം കണ്ണിലൂടെ അവളുടെ ചിന്തകളിലൂടെ, സ്വപ്നങ്ങളിലൂടെ കടന്നു പോകുന്നൊരു സിനിമയായതു കൊണ്ട് ഒരുപാട് നിർമ്മാതാക്കൾ നിരസിച്ചോരു സിനിമ. ആരവങ്ങളേതുമില്ലാതെ തീയറ്ററിലേറി, ആരുമറിയാതെ മടങ്ങിയൊരു ചിത്രം. കാലങ്ങൾക്കു ശേഷം കണ്ടു തീർക്കുമ്പോഴും "പൂ" ഇന്നും വാടി തളർന്നിട്ടില്ല. മാരിയുടെ മണമാണ് "പൂ " വിൽ നിറയെ . കുട്ടിക്കാലത്തേ മാരി മനസ്സിൽ സൂക്ഷിച്ചൊരു ഇഷ്ടം, അവളോടൊത്തു വളർന്ന് , ഒരു പന മരത്തോളം ഉയർന്ന് വാനം തൊടാനാവാതെ, തങ്കരാസിനെ സ്വന്തമാക്കാനാവാതെ കടും വെയിലിൽ തളർന്നിരുന്ന് പൊട്ടി കരയുന്നു.
പെണ്ണിന്റെ പ്രണയത്തിന്, പറയാൻ മടിയുള്ള, മറക്കാൻ കഴിയാത്ത, ഒരു സുഖമുണ്ടെന്ന് മാരി പറഞ്ഞു വെയ്ക്കുന്നു. പ്രണയമെന്നാൽ മാരിക്ക് തങ്കരാസിന്റെ സന്തോഷങ്ങൾക്കു കാരണക്കാരിയാവുക എന്നതു മാത്രമാണ്. തങ്കരാസിനു വേണ്ടി അവന്റെ സന്തോഷങ്ങൾക്കു വേണ്ടി അവളുടെ പ്രണയത്തെ പോലും ഒരു നിമിഷത്തിൽ അവൾ വേണ്ടെന്നു വെക്കുന്നു. ഒരു പക്ഷെ മാരി ജീവിച്ചിരുന്നതും, മറ്റൊരുവന്റെ ഭാര്യയായതും, തനിക്കു സങ്കടങ്ങളില്ലെന്നു പറഞ്ഞതു പോലും തങ്കരാസിന്റെ പുഞ്ചിരിക്കു വേണ്ടിയായിരുന്നു.
മാരിയുടെ പ്രണയമാണ് "പൂ " വെങ്കിലും, ഒരു ഗ്രാമത്തിന്റെ കൂടെ കഥയുണ്ടതിൽ. ബന്ധങ്ങളുടെ, വിട്ടു കൊടുക്കലിന്റെ, സ്വപ്നങ്ങളുടെ കഥ കൂടിയാണ് "പൂ". വളരെ ചെറിയ ആഗ്രഹങ്ങൾ സ്വപ്നം കാണുന്നവരാണ് "പൂ " വിലെ കഥാപാത്രങ്ങൾ. തങ്ങളുടെ ചെറിയ ലോകത്തെ ചെറിയ ജീവിതം. ജാതിയുടെ, പണത്തിന്റെ പേരിൽ മാറ്റി നിർത്തപെടുമ്പോൾ വിദ്യാഭ്യാസം കൊണ്ട് മാത്രം അതിനെയൊക്കെ തടഞ്ഞു നിർത്താൻ ശ്രെമിക്കുന്നുണ്ട് തങ്കരാസും അവന്റെ അച്ഛനും. പ്രതീക്ഷകളുടെ ഒരുപാട് ലോകങ്ങളാണ് "പൂ" വിൽ നിറയെ.
വെയിലേറ്റു മങ്ങിയ ഒരു ഗ്രാമത്തിൽ മഴയില്ലാതെ വളർന്നു വന്ന ഒരു പാഴ് ചെടിയിൽ പൂത്തു നിൽക്കുന്നൊരു "പൂ" വാണ് മാരി. തന്നെ നില നിർത്തുന്ന വേരിനെ എന്തിനേക്കാളുമേറെ സ്നേഹിച്ചവൾ, ഒരു കാറ്റിനോടൊപ്പം അവൻ പോകുന്ന ദിശയിലേക്ക് ഓടി പോയവൾ.
പെണ്ണിന്റെ പ്രണയം ഒരുപാട് പറഞ്ഞു വെയ്കാത്ത കൊണ്ട് തന്നെ മാരി പ്രേഷകന്റെയുള്ളിലൊരു നൊമ്പരമാകും. "പൂ" കണ്ടതിനു ശേഷം രാത്രികളിൽ മുഴുവൻ മാരിയെയോർത്തു അവളുടെ പ്രണയത്തെയോർത്തു കരയാത്തവരായി ആരുമുണ്ടാകില്ല. വീണ്ടും വീണ്ടും മാരിയെ അവളുടെ നിഷ്കളങ്കതയെ പ്രേക്ഷകൻ നെഞ്ചോടു ചേർക്കും. അവളുടെ നെറുകയിൽ തലോടി സമാധാനിപ്പിക്കും.
സിനിമ സ്വപ്നം കാണുന്നവൻ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് "പൂ". ഓരോ ഷോട്ടിലും ഒരു സിനിമ എങ്ങനെയായിരിക്കണമെന്നു സംവിധായകൻ നമ്മെ പഠിപ്പിക്കുന്നു. sasi എന്ന ഡയറക്ടറിന്റെ എക്കാലത്തെയും മികച്ച സിനിമ. തന്റെ എല്ലാ സിനിമകളും തീയറ്ററിൽ വിജയം കണ്ടപ്പോൾ "പൂ" മാത്രം അദ്ദേഹത്തെ സങ്കടപ്പെടുത്തി. മാരിയുടെ പ്രണയം പറയുന്നതിൽ അയാൾ പരാജയപ്പെട്ടെന്നു പറഞ്ഞു വാചാലനായി. എങ്കിൽ പോലും "പൂ" എന്ന സിനിമ കൊണ്ട് മാത്രമാണ് ലോകത്തിനു മുന്നിൽ തനിക്കൊരു വ്യക്തിത്വം ഉണ്ടായതെന്ന് ഡയറക്ടർ പിന്നീട് പറഞ്ഞു.
തമിഴ് സെൽവന്റെ "വെയിലോട് പോയ് " എന്ന മനോഹരമായ ചെറു കഥയാണ് "പൂ" വിന് ആധാരം. ഒരു ചെറു കഥയെ അതിന്റെ സാധ്യതകളെ ബിഗ് സ്ക്രീനിലേക്ക് പറിച്ചു നടുന്നതിൽ ഡയറക്ടർ വിജയിച്ചിട്ടുണ്ട്.
എടുത്തു പറയേണ്ട മറ്റൊന്ന് അഭിനയ മികവ് തന്നെയാണ്. "മാരി" ഇന്നും പ്രേഷകന്റെയുള്ളിൽ അവശേഷിക്കുന്നതിനു കാരണം പാർവതി എന്ന നടിയുടെ അഭിനയ മികവു കൊണ്ട് കൂടിയാണ്.
നിറം കുറഞ്ഞ, എണ്ണ മയമുള്ള, സുന്ദരിയായ മാരിയെ പാർവതി അതി മനോഹരമായി തന്നെയാണ് അവതരിപ്പിച്ചത്. പാർവതിയുടെ കഥാപാത്രങ്ങൾ ചർച്ചക്കെടുക്കുമ്പോൾ ഒന്നാമതായി തന്നെ മാരിയുമുണ്ടാകും. അത്രമേൽ ശക്തമായൊരു കഥാപാത്രം.
"പൂ" പെണ്ണിന്റെ പ്രണയമാണ്. പൊരി വെയിലിൽ തങ്കരാസിന്റെ അരികിലേക്ക് ഓടി കിതച്ചെത്തുന്ന മാരിയുടെ പ്രണയം. അവന്റെ സന്തോഷങ്ങൾക്കു വേണ്ടി മാത്രം മാരി കാത്തു വെച്ചൊരു പ്രണയം. എല്ലാം നഷ്ടമാകുന്നിടത്തു വെച്ച്, ഒരു പൂ പോലെ മാരി വാടി തളർന്ന് വീഴുമ്പോൾ അവളെ താങ്ങാനാവാതെ പ്രേക്ഷകൻ പൊട്ടിക്കരയുന്ന പ്രണയം.
"പൂ" നിറയെ പ്രണയമാണ്, "മാരിയുടെ മണമുള്ള പ്രണയം".
"Poo" (Tamil Movie)
Based on : "Veyilodu Poi"( a short story) by Tamizhchelvan
Directed by: Sasi
Cinematography: P. G. Muthiah
Music by: S S Kumaran
Release date: 28 November 2008
Starring : Parvathy Thiruvoth, Srikanth, Inigo Prabhakaran,
Awards: Ahmedabad Film Festival(2008) - Best Director (Sasi), Best Movie
Tamilnadu State Fil Festival(2008)- Best Film Portraying Woman in Good light
- Best story writer(Tamizhchelvan)
Vijay Award (2008) - Best Debut Actress- Parvathy Thiruvoth
2 Comments
Superb
ReplyDeleteSuperb
ReplyDelete