image credit : perumbalam_island |IG |
രേവു പറഞ്ഞ യക്ഷി കഥകളിലൂടെയാണ് ആദ്യമായി പെരുമ്പളത്തെപ്പറ്റിയറിയുന്നത്. മൂന്നു ജില്ലകളെ ഒന്നിപ്പിക്കുന്ന കൊച്ചൊരു ദ്വീപ്. ക്ഷേത്രങ്ങളും കാവുകളും നിറഞ്ഞ അമ്പലങ്ങളുടെ നാട്.
അങ്ങനെ കഥകൾ കേട്ട് കേട്ട് ആവേശം കയറിയപ്പോഴാണ് പെരുമ്പളത്തേക്ക് പോകുന്നതിനെപ്പറ്റി കാര്യമായി ചിന്തിക്കുന്നത്. വളരെ വലിയ പ്ലാനുകൾ നടത്തിയെങ്കിലും ഒന്നും നടന്നില്ല. ഡിഗ്രീ അവസാന വർഷ ഇന്റേൺഷിപ്പിന്റെ തിരക്കുകൾക്കിടയിൽ ഒരു ദിവസം കൃഷ്ണദാസാണ് പെരുമ്പളത്തേക്ക് പോകുന്നതിനെ പറ്റി പറയുന്നത്. അങ്ങനെ പെട്ടെന്നൊരു ദിവസം ഞാനും, കീറുവും, ശ്രീയും, കൃഷ്ണദാസും കൂടി പെരുമ്പളത്തേക്ക്. എറണാകുളത്ത് നിന്ന് പൂത്തോട്ട ബസ്സ് കയറി ബോട്ട് ജെട്ടിയിലിറങ്ങി, ബോട്ടിലൊരു യാത്ര.
8 കിലോ മീറ്റർ മാത്രം വിസ്തൃതിയിൽ വളരെ വലിയ മനസ്സുള്ള ആളുകളുടെ കൊച്ചൊരു ദ്വീപ്. ബോട്ട് ജെട്ടിയിറങ്ങി ഞങൾ നടന്നു. ലക്ഷ്യം രേവുവിന്റെ വീട് തന്നെ. ദ്വീപിനുള്ളിലേക്ക് കടന്നാൽ ചെറിയൊരു കാടിനുള്ളിലേക്ക് കടന്നൊരു പ്രതീതി. എറണാകുളത്തെ പൊടി പിടിച്ച ബഹളങ്ങളിൽ നിന്നു വന്നത് കൊണ്ടാവണം, പെരുമ്പളം വളരെ ശാന്തമായി തോന്നി.
പെരുമ്പളത്തെ ഓരോ ക്ഷേത്രങ്ങൾക്കും പഴമയുടെ ഒരു പാട് കഥകൾ പറയാനുണ്ട്. അവിടെയൊക്കെയും ഇപ്പോഴും വളരെ വ്യത്യസ്തമായ ആചാരങ്ങൾ പിന്തുടരുന്നുമുണ്ട്. പേരാണ്ടൂർക്കിടയിൽ ദേവി ക്ഷേത്രത്തിലെ ഒരു പ്രെതിഷ്‌ഠയായ പൊണ്ണൻ ദേവന് പുട്ടും മൊട്ടയും കള്ളും സമർപ്പിച്ചു നടത്തുന്ന ദാഹം വെക്കൽ ഒക്കെ ഇന്നും തുടരുന്ന ആചാരങ്ങളിൽ ഒന്നാണ്.
അവിടുത്തെ കാവുകളെ ചുറ്റി പറ്റി നിൽക്കുന്ന ഐതീഹ്യങ്ങളും, പാരമ്പര്യമായി പറഞ്ഞു പോന്ന യക്ഷി കഥകളും, ഇത്തിരി പൊടിപ്പും തൊങ്ങലും വെച്ച് രേവു പറയുന്നതും, അതു ഞങ്ങൾ വിശ്വസിച്ചതായി അഭിനയിച്ചതിനെയുമൊക്കെ പറ്റി സൊറ പറഞ്ഞാണ് ഞങ്ങളുടെ നടത്തം. ചെറിയ വളവുകൾ തിരിഞ്ഞു തിരിഞ്ഞങ്ങനെ അവളുടെ വീട്ടിലേക്കുള്ള ആ നടത്തം തന്നെയാണ് ഇൗ യാത്രയുടെ highlight.
ഞങ്ങൾ നടന്നു തീർത്ത ഇടവഴി അവസാനിക്കുന്നത് നന്നേ വീതി കുറഞ്ഞൊരു റോഡിലാണ്. പഴയൊരു പാർട്ടി ഓഫീസും ചെറിയൊരു ക്ഷേത്രവുമോക്കെ കടന്നാൽ രേവുവിന്റെ വീടെത്തി. ഓടിട്ട, ചെറിയ കമ്പു വേലിയിൽ മുറ്റം കെട്ടി തിരിച്ചൊരു വീട്. അമ്മയുടെ സ്പെഷ്യൽ മീൻ കറിയും കൂട്ടി ഒരു ഊണ് പാസ്സാക്കി, ഒരുപാട് കഥകൾ പറഞ്ഞ് ഞങ്ങൾ അവിടെ നിന്നിറങ്ങി. പെരുമ്പളം മുഴുവൻ ചുറ്റി കാണാൻ ഞങ്ങൾക്കന്നു സാധിച്ചില്ല. എങ്കിലും കണ്ട കാഴ്ചകളിലെ അത്ഭുതങ്ങൾ ഇന്നും മനസ്സിലുണ്ട്.
image credit : perumbalam_island |IG |
വഴിയോരത്തെ ചെറിയ കടകളും, നീണ്ടു നിവർന്നു കിടക്കുന്ന പാടങ്ങളും, കൊന്ന വേലികളും, ഇടതൂർന്നു വളർന്നു നിൽക്കുന്ന പാഴ് ചെടികളുമൊക്കെ ഏതോ ഒരു നോവലിലെ ഗ്രാമത്തെ ഓർമ്മപ്പെടുത്തും. ഒരു കൊച്ചു ഗ്രാമത്തിലേക്ക്, ഗൃഹാതുരത്വത്തിലേക്ക്, യാത്ര തിരിക്കാൻ ഇഷ്ടപ്പെടുന്ന ഏതൊരു യാത്രക്കാരന്റെയും പ്രിയപ്പെട്ട സ്ഥലമായിരിക്കും പെരുമ്പളം. ഭക്ഷണ പ്രിയർക്ക് കൂടി വേണ്ടപ്പെട്ട നാടാണ് പെരുമ്പളം. മത്സ്യ വിഭവങ്ങളിലെ രുചിയാണ് എടുത്തു പറയേണ്ടത്. അവിടുത്തെ രുചികളെ ചോറ്റൂ പാത്രത്തിലാക്കി കൊണ്ട് വന്നു ഉച്ച സമയത്ത് വിളമ്പിയ രേവുവിനോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തു കൂടിയാണ് പെരുമ്പളം. എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ മൂന്നു ജില്ലകളെയാണ് പെരുമ്പളം ഒന്നിപ്പിക്കുന്നത്. കായലോരത്തിന്റെ ഭംഗി അപ്പാടെ നിറച്ച് വെച്ചിരിക്കുന്ന പെരുമ്പളം ആലപ്പുഴ ജില്ലയിലാണ് സ്ഥി ചെയ്യുന്നത്. കൃഷിയും, മത്സ്യ ബന്ധനവുമാണ് അവിടുത്തെ പ്രധാന ഉപ ജീവനമാർഗം.
image credit : perumbalam_island |IG |
പെരുമ്പളംകാരുടെ അഭിപ്രായത്തിൽ ദ്വീപ് അതീവ സുന്ദരിയാകുന്നത് അതി രാവിലെയും, രാത്രിയിലുമാണ്. ആ കാഴ്ചകളൊന്നും ഞാൻ കണ്ടിട്ടില്ലങ്കിലും അവരുടെ കഥ പറച്ചിലിൽ ഒരു യാത്ര നടത്തിയ സന്തോഷമുണ്ട്.
തിരിച്ചു ജെട്ടിയിലേക്ക് നടക്കുമ്പോൾ കായലിൽ നിന്നും വീശിയ ചെറിയൊരു കാറ്റു കൂടി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.. എറണാകുളത്തേക്ക് ബോട്ട് കയറി തിരിഞ്ഞു നോക്കുമ്പോൾ , രേവു പറഞ്ഞ ഒരു യക്ഷി കഥയിലേതു പോലെ പച്ച മുടിക്കെട്ടഴിചിട്ട്, ഉള്ളിലൊരു പച്ച തുരുത്തൊളിപ്പിച്ചു അതി സുന്ദരിയായ യക്ഷിയെ പോലെ പെരുമ്പളം പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.
4 Comments
Superrr 😍
ReplyDeleteപെരുമ്പളം ഞങ്ങളുടെ അഹങ്കാരം
ReplyDeleteഒരുപാട് നന്ദി ഞങ്ങളുടെ പെരുമ്പളത്തെ ഇത്രെയും മോനോഹരം ആകിയതിൽ നന്ദി.... നന്ദി.... ഒരായിരം നന്ദി
പെരുമ്പളം ഞങ്ങളുടെ അഹങ്കാരം
ReplyDeleteഒരുപാട് നന്ദി ഞങ്ങളുടെ പെരുമ്പളത്തെ ഇത്രെയും മോനോഹരം ആകിയതിൽ നന്ദി.... നന്ദി.... ഒരായിരം നന്ദി
പെരുമ്പളം ഞങ്ങളുടെ അഹങ്കാരം
ReplyDeleteഒരുപാട് നന്ദി ഞങ്ങളുടെ പെരുമ്പളത്തെ ഇത്രെയും മോനോഹരം ആകിയതിൽ നന്ദി.... നന്ദി.... ഒരായിരം നന്ദി