"ഓണക്കാഴ്ച്ചകളിലെ ഓർമ്മകൾ.."

     


    നിന്നെക്കാൾ ഇത്തിരി  ഓണം ഞാൻ കൂടുതൽ ഉണ്ടെന്നു പറയാൻ ഒരവസരം തരാതേ  കുറച്ചു ഓണമിങ്ങനെ പ്രളയവും കോറോണയും കൊണ്ട് പോവുമ്പോൾ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഓണമോർമ്മകളെ  പതുക്കെ പുറത്തേയ്ക്കു ചികഞ്ഞെടുക്കും. അതിലേറെ തെളിഞ്ഞു നിൽക്കാറുള്ളത് ക്യാമ്പസ് ഓണങ്ങൾ ആണ്.

    "നീ സാരി ഉടുക്കുന്നുണ്ടോ?" എനിക്കാണേൽ ബ്ലൗസില്ല, ഇനി ഒരെണ്ണം തയ്പ്പിക്കണോല്ലോ", "ഡാ നമുക്ക് ഒരു പോലത്തെ ഷർട്ട് എടുക്കാട്ടോ", "അത്തപൂക്കളത്തിന് പൂവാങ്ങാനുള്ള പൈസ എല്ലാരും എന്നെ ഏൽപ്പിക്കണം", കഴിഞ്ഞ വർഷത്തെ പോലെയാവരത്‌  ട്ടാ ...", "വടം വലിക്കുള്ള പഴക്കൊല നമ്മള് തന്നെ വാങ്ങണം, പക്ഷെ പുതിയ ജൂനിയർസ്  ഇച്ചിരി ആളും ബലവും ഉണ്ടല്ലോ നല്ലോണം മെനക്കെടേണ്ടി വരും", "ഫൈനലിയറിന്റെ പൂക്കളം കണ്ടാരുന്നോ, ഒരു രക്ഷയുമില്ല , ഈ കൊല്ലം അവരെടുത്തെന്നാ തോന്നുന്നേ", "ഞാൻ കുറെ നേരമായി അങ്ങേരെ തപ്പുന്നു , നീല ഷർട്ടും വെള്ള മുണ്ടും ഉടുത്തു വന്നെന്ന കേട്ടത്, പക്ഷെ കണ്ടില്ലല്ലോ?" "തിരുവാതിരക്കു ആരും സ്റ്റെപ്പ് തെറ്റിച്ചെക്കല്ല്, പറഞ്ഞേക്കാം".

    എത്രയെത്ര സംഭാഷണ ശകലങ്ങൾ... ഫസ്റ്റ് ഇയർ ഓണം ഞങ്ങൾ ജൂനിയർസ് നടത്തണമെന്ന് പറഞ്ഞപ്പോൾ വലിയ ആവേശമായിരുന്നു. ഓണപരിപാടികൾ സെറ്റ് ആക്കുക, ഓടി നടന്നു എല്ലാം ഉഷാറാക്കുക, ഒരുങ്ങി വരിക. പുതുമകൾ ഒന്നുമില്ലെങ്കിലും മനസ്സ് വലിയ ഉത്സാഹത്തിലായിരുന്നു. ഓട്ടകണ്ണെറിഞ്ഞു അത്രയും പ്രിയപ്പെട്ട മുഖത്തെ തിരയുമ്പോൾ ഓണാഘോഷങ്ങൾ മറ്റേറിയതാവുന്നു. പക്ഷെ ക്യാമ്പസ് അല്ലെ, പ്രേശ്നങ്ങൾ സഹജം. ഓണത്തോടനുബന്ധിച്ചു കുറച്ചു സൗന്ദര്യ പിണക്കങ്ങൾ, കണ്ണീരുകൾ. ഇപ്പോൾ ഓർക്കുമ്പോൾ അതൊക്കെ തമാശകളായി തോന്നുന്നു. പിന്നെയും മൂന്ന് ഓണം കൂടി. എല്ലാ ക്യാമ്പസ്സിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ ഒരു മാസം നേരത്തെ ആഘോഷിക്കുന്നത് കൊണ്ടാവണം ആ കൊല്ലത്തെ ഓണം പ്രളയം കവർന്നെടുത്തില്ല. എല്ലാ കൊല്ലവും പതിവ് പരിപാടികളൊക്കെ തന്നെയെങ്കിലും ജൂനിയറിൽ നിന്നും സീനിയറായി മാറുമ്പോൾ വേറൊരു അനുഭവമാണ്.

    അവസാന വർഷത്തെ ഓണം കൊറോണ കൊണ്ടു പോയപ്പോൾ ഉള്ളിൽ കഴിഞ്ഞ കാലത്തേ ഓർമ്മകൾ  ആയിരുന്നു, നിറം മങ്ങാത്ത ഓണാക്കാഴ്ച്ചകളിലെ ഓർമ്മകൾ....


Written by,
Dr. Abhijitha






Post a Comment

0 Comments