"ഓണമാണ് സാറെ ഇവരുടെ മെയിൻ "

 



    അങ്ങനെ തുടർച്ചയായ രണ്ടാം വർഷവും കോവിഡിനൊപ്പം വീടിനുള്ളിൽ ഓണം ആഘോഷിക്കുന്ന ഒരു ശരാശരി മലയാളിയായി മാറി ഞാനും. ഓണക്കാല ഓൺലൈൻ ഷോപ്പിംഗും, സൂം ഒത്തുകൂടലുകളുമായി കഷ്ടപ്പെട്ട് പൊരുത്തപ്പെട്ടു വരികയാണ്. 

    ബാഷ സിനിമയിൽ രജനീകാന്തിന് തൻ്റെ കുടുംബം അറിയാത്ത മറ്റൊരു ഭൂതകാലം ഉണ്ടെന്ന് പറയും പോലെ കോവിഡ് ഇല്ലാത്ത നിറങ്ങളുള്ള നല്ല ഓണം ഓർമ്മകൾ എനിക്കുമുണ്ട്. കോവിഡാനന്തര കാലഘട്ടത്തിൽ ഓൺലൈനിൽ കോളേജ് വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഓണത്തിൻ്റെ നല്ല നിമിഷങ്ങളുടെ ഓർമ്മകൾ...

    ഞാൻ വൈശാഖ്.പഠിച്ചത് ചങ്ങനാശ്ശേരി എൻ.എസ്.എസ്.ഹിന്ദു കോളേജിൽ മലയാളം വിഭാഗത്തിൽ.കോളേജിലെ മലയാളം വിഭാഗം എന്നും ആഘോഷങ്ങളുടെ കലവറയാണ്. തണ്ണീർമത്തൻ ദിനങ്ങളിലെ ചേച്ചി പറയും പോലെ "ഓണമാണ് സാറെ ഇവരുടെ മെയിൻ ".

    ഓണാഘോഷ ദിനത്തിൽ ഓണക്കോടിയുടുത്ത് സ്റ്റൈലായി (സ്വയം വിചാരം) കോളേജിലേക്ക് കയറുന്നത് തന്നെ "ആഹാ മച്ചാനെ ഇന്ന് കാണാൻ പൊളിയായിട്ടുണ്ടല്ലോ " എന്ന കോപ്ലിമെൻ്റ് കിട്ടാൻ വേണ്ടിയാണ്. സുന്ദരിമാരായ പെൺകുട്ടികളിൽ നിന്ന് കൂടി നല്ല അഭിപ്രായം കിട്ടിയാൽ ലോട്ടറി. പൊതുവേ എല്ലാവരും ഒരുങ്ങി വരുന്നത് നന്നായിട്ടുണ്ടെന്ന അഭിപ്രായം കിട്ടാൻ വേണ്ടിയാണല്ലോ. അതിൽ ആൺ പെൺ വ്യത്യാസം ഇല്ലാട്ടോ.

    ഇനി നേരെ ഡിപ്പാർട്ട്മെൻ്റിലേക്ക്.ഡിപ്പാർട്ട്മെൻ്റ് തലത്തിലാണ് കോളേജിൽ ഓണാഘോഷ പരിപാടികൾ. രാവിലെ തന്നെ പൂക്കളമിട്ട് ഒന്നാം സ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.എന്നാൽ എൻ്റെ അറിവിൽ ഇതുവരെ അത് കിട്ടിയിട്ടില്ല കേട്ടോ. ആരെയും ഒന്നിൽ നിന്നും മാറ്റി നിർത്തില്ല. മാറി നിൽക്കുന്നവരെ അധ്യാപകർ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോകും.അതാ ഇവിടുത്തെ ഒരു സ്റ്റൈൽ.   അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഒന്നിച്ചുള്ള ആർപ്പുവിളികളോടെ ആഘോഷത്തിനു കൊടിയേറും. 

എല്ലാവരും തിരക്കിലാണ്, ഓണപ്പൂക്കളമൊരുക്കാൻ പിരിച്ച തുകയിൽ പൂക്കളും അനുബന്ധ സാധനങ്ങളും വാങ്ങിയ സംഘം അതിൻ്റെ തിരക്കിലാണ്. ഒരു സംഘം വനിതകൾ തിരുവാതിര കളിയുടെ അവസാന ഘട്ട റിഹേഴ്സലിലാണ്. ചളിയടിച്ച് വെറുപ്പിക്കുന്നവർ അവരുടെ ഇരകളെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ഇവയിലൊന്നും ശ്രദ്ധിക്കാൻ നേരമില്ലാത്ത യുവമിധുനങ്ങൾ വരാന്തകളിൽ പ്രണയം പങ്കുവയ്ക്കുകയാണ്. ഓണാഘോഷ ദിവസവും അസൈൻമെൻ്റിനേയും, വ്യാകരണം, ഭാഷാശാസ്ത്രം എന്നിവയെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്ന ചില ജീവികൾ അവരുടെ ഏതോ ലോകത്താണ്. എല്ലാ പരിപാടികളിലും തലയിട്ട് ഓളം വെച്ച് പരിപാടി കൊഴുപ്പിക്കുന്ന സംഘത്തിൽ പെട്ടവനായിരുന്നു ഞാൻ.

    പൂക്കളം തീർത്ത് നേരെ കയറുന്നത് ലിറ്റിൽ തിയേറ്ററിലേക്കാണ്. മലയാള വിഭാഗം സാഹിത്യ സാംസ്കാരിക വേദി  പ്രജ്ഞാപഥത്തിൻ്റെ നേതൃത്വത്തിലാണ് ആഘോഷം. അവിടെയാണ് ഓണക്കളികളും, പാട്ടും മറ്റ് ആഘോഷവും. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള ഓണപ്പാട്ടുകളും കളികളും ഇന്നും മനസിൽ നിറഞ്ഞു നിൽക്കുകയാണ്. ഓണക്കളികൾ തകൃതി നടക്കുമ്പോൾ കൂട്ടത്തിലെ കൊമ്പൻ എത്തി. അതെ അവൻ തന്നെ ഓണസദ്യ.

    ഓണസദ്യ അധ്യാപകരുടെ വകയാണ്. എൻ്റെ കുട്ടികളുടെ ഓണ സദ്യ ഞങ്ങളുടെ അവകാശമാണ്. അതിനപ്പുറം ഇനി എന്തു പറയാനാണ്. മറ്റ് ഡിപ്പാർട്ട്മെൻ്റുകൾ വെറും പായസം മാത്രം നൽകാൻ വിദ്യാർത്ഥികൾ പിരിവിടുന്നിടത്തണ് എല്ലാ വർഷവും മുടങ്ങാത അധ്യാപകർ ഓണസദ്യ വിളമ്പുന്നത്. സദ്യവിളമ്പൽ ആഘോഷമാണ്. തൂശനിലയിൽ സദ്യവട്ടങ്ങൾ നിരത്തി ഒരുമിച്ചിരുന്ന് പാട്ടും, കഥകളുമായി ആഘോഷിച്ചാണ് ഓണസദ്യ കഴിക്കുന്നത്. വയറും മനസും ഒന്നിച്ച് നിറയുന്ന അപൂർവ്വ സന്ദർഭങ്ങളിലൊന്ന്.

    സൗഹൃദങ്ങൾ ആഴത്തിൽ വേരൂന്നുന്നതും, അധ്യാപ വിദ്യാർത്ഥി ബന്ധം കൂടുതൽ ദൃഡമാകുന്നതും, ചില പ്രണയങ്ങൾ തുടങ്ങുന്നതും, കാമുകീകാമുകന്മാർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും, അവരെ മറ്റു ചിലർ അസൂയയോടെ നോക്കുന്നതും, ഒതുക്കി വച്ചിരുന്ന പ്രതിഭകളെ കണ്ടെത്തുന്നതും അന്നായിരുന്നു. ആഘോഷങ്ങളും, മത്സരക്കളികളും, സദ്യയും, ചെറുവർത്തമാനക്കൂട്ടങ്ങളും കഴിഞ്ഞ് വീട്ടിലേക്ക് വണ്ടി കയറുമ്പോൾ മുതൽ ചിന്ത ഒന്നേയുണ്ടാകാറുള്ളു, അടുത്ത ഓണം പെട്ടെന്ന് എത്തണേന്ന്…..


Written by,
Vaishak C R





Post a Comment

2 Comments