ഭ്രാന്ത്..! പ്രണയിച്ചു പോയവരുടെയും, ജാതിയും മതവും നോക്കാതെ പ്രണയിക്കരുതെന്നു കണ്ടു പിടിച്ചവരുടെയും ഉള്ളിലെ ഭ്രാന്തിന്റെ നേർ രൂപമാണ് "sairat". ഞങ്ങൾ മുന്നിലേക്ക് ഏറെ ചിന്തിച്ചു എന്ന് പറയുന്ന ഈ കാലത്തിലും പ്രസക്തി അർഹിക്കുന്ന വിഷയം.ദുരഭിമാനത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ട പ്രണയങ്ങളുടെ നേർകാഴ്ചയെ തുറന്നു കാട്ടിയൊരു സിനിമ.
Parshy യുടെയും Archie യുടെയും പ്രണയത്തിലിടപെടുന്ന ജാതിയെയും, കുടുംബത്തെയും, സമൂഹത്തെയും, സുഹൃത്തുക്കളെയും പല കാലങ്ങളിലിൽ പല ഭാഷകളിൽ പറഞ്ഞു വെച്ചതാണെങ്കിലും കഥ പറഞ്ഞതിലെ പുതുമ തന്നെയാണ് ഈ മറാത്തി സിനിമയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 100 കോടി വാരി കൂട്ടിയ ഈ കൗമാരക്കാരുടെ പ്രണയ കഥ ബോക്സ് ഓഫീസ് കളക്ഷനുമപ്പുറം എന്തൊക്കെയോ കാഴ്ചക്കാരന് നല്കുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ജാതി വ്യവസ്ഥിയുടെയും ചില രാഷ്ട്രീയ ചിന്തകളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയത്തിനു കാലം മാറിയാലും മാറാത്ത ചില അഭിമാന ചിന്തകളിൽ രകതം വാർന്നൊരവസാനം. പാട്ടും സ്വപ്നങ്ങളും നിറം ചേർത്ത പ്രണയമാണ് ആദ്യ പകുതിയെങ്കിലും യഥാർത്ഥ ജീവിതമാണ് പിന്നീട്. ഗ്രാമത്തിന്റെ സമൃദ്ധിയിൽ നിന്ന് നഗരത്തിന്റെ വെറുപ്പിക്കുന്ന യാഥാർഥ്യങ്ങളിലേക്കുള്ള ആർച്ചയുടെ ജീവിത മാറ്റം പ്രണയത്തിനിടയിൽ കാണാൻ മറന്ന ചില പരിചയ മുഖങ്ങളെക്കൂടി അവളെ ഓർമ്മപ്പെടുത്തുന്നു. കൗമാരത്തിന്റെ എടുത്തു ചാട്ടം മാത്രമല്ല ഈ പ്രണയമെന്ന തിരിച്ചറിവിലൂടെ മുന്നോട്ടു പോകുന്ന കഥ. Parshya യുടെയും കൂട്ടുകാരുടെയും ജീവിതം വ്യക്തമായി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞത് അത് അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ കഥയായതു കൊണ്ടാണ്. തീവണ്ടിയുടെ മടുപ്പിക്കുന്ന അലർച്ചയിലും താളം കണ്ടെത്തി നൃത്തം ചെയ്യുന്ന, ആഘോഷിക്കപ്പെടേണ്ട കൗമാരത്തിന്റെ എല്ലാ ഭാഗങ്ങളും സിനിമയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
താര മൂല്യത്തിന്റെ പേരിൽ മാത്രം ചില സിനിമകൾ 100 ൽ 100 വാങ്ങുമ്പോൾ ഓർക്കണം ആദ്യ സിനിമയെ തന്നെയാണ് Rinky Rajguru (Archie ), Akash Thoshar (Parshy ) യും 100 കോടി ക്ലബ്ബിൽ കൊണ്ടെത്തിച്ചത്. Nagaraj Manjule കഥ പറയുന്നതിൽ അത്ഭുതം സൃഷ്ടിക്കുന്ന ഒരാളല്ലായിരുന്നുവെങ്കിൽ നമുക്ക് നഷ്ടമാകുമായിരുന്ന ഒരു ചിത്രം. "Sairat" പറഞ്ഞു പോകുമ്പോൾ അതിന്റെ ഹിന്ദി പതിപ്പായ "Dhadak" നെ പറ്റി എങ്ങനെ പറയാതിരിക്കും. സിനിമ തോറ്റെങ്കിലും nepotism വിജയിച്ചു.
പേര് പോലെ തന്നെ മനുഷ്യന്റെ ഉള്ളിലെ ദുരഭിമാനമെന്ന ഭ്രാന്തിനെപ്പറ്റി പറയുന്ന ഈ ചെറിയ മറാത്തി സിനിമ കണ്ട് സിനിമ പ്രേമികൾ ഒന്നടങ്കം പറയും കഥ പറയാനറിയുന്നവർ ഇനിയും ബാക്കിയുണ്ടെന്ന്.
"Sairat"(Movie)
Directed by : Nagaraj Manjule
Written by: Nagaraj Manjule, Bharat Manjule
Starring: Rinky Rajguru, Akash Thoshar
0 Comments