'നമുക്ക് ഇവിടെ കൂട്ടായി മനുഷ്യരുണ്ട്'

     



    മനുഷ്യൻ മനുഷ്യനെ കണ്ടാൽ അകന്നു നിൽക്കേണ്ട കാലത്തിന്റെ പേടിപ്പെടുത്തലുകളെ മാറ്റി നിർത്തി ഓടി വന്നൊരു ജനതയുണ്ട് കേരളത്തിൽ. മനുഷ്യത്വം മാത്രം ഉള്ളാകെ നിറച്ച്, നിറഞ്ഞൊലിച്ച മഴയിൽ നനഞ്ഞു അവർ വാരിയെടുത്തത് സ്വപ്നങ്ങൾ നിറച്ച ജീവിതങ്ങളെയായിരുന്നു. കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനായി ഓടി വന്ന മലപ്പുറത്തെ നാട്ടുകാരെ എങ്ങനെയാണ് നമ്മൾ അഭിനന്ദിക്കേണ്ടത്. കണ്ടൈൻമെൻറ് സോണിൽ കൊറോണ ഭീതിയിലായിട്ടു കൂടിയും ജീവനേക്കാൾ മറ്റൊന്നിനും വില കൊടുക്കാത്തവർ. ഇവരുടെ തലമുറയിൽ ജീവിച്ചിരിക്കാൻ കഴിഞ്ഞ നമ്മളെത്രയോ ഭാഗ്യവാന്മാരാണ്.

    ഇടുക്കിയിലെ മലമുകളിൽ പെയ്തിറങ്ങിയ മഴയുടെ നടുക്കം രാജമലയിലെ പെട്ടിമുടിയിൽ ഇപ്പോഴും നിലച്ചിട്ടില്ല. മണ്ണിനും ചെളിക്കുമിടയിൽ കിടക്കുന്ന അറുപതോളം ജീവനുകളെ രക്ഷിക്കാൻ ഓടി വന്ന ഇടുക്കിയുടെ മക്കൾക്ക് ഏതെഴുത്തിലൂടെയാണ് നമ്മൾ നന്ദി പറയുക. പേമാരിയിൽ യാതൊന്നും വകവെക്കാതെ കാട്ടിനുള്ളിലെ ഇരുട്ടിലൂടെ അവർ ഇപ്പോഴും ചെളിയിൽ പരതുന്നുണ്ടാവണം. തകര ഷീറ്റുകൾ കൂട്ടി കെട്ടി ചെളിക്കു മീതെ പാതയുണ്ടാക്കി പെരുമഴയത്ത് സഹജീവികളെ രക്ഷിക്കാനായി അവർ ഓടി നടക്കുകയാണ്. പേടിപ്പെടുത്തുന്ന വാർത്തകൾക്കിടയിലും ഇവരൊക്കെ തോൽപ്പിച്ചു കളഞ്ഞത് രാഷ്ട്രീയ മത ചിന്തകളെയാണ്.
    2020 എങ്ങോട്ടേക്കുള്ള പോക്കാണോയെന്നു ചോദിക്കുന്നവരോട്, എങ്ങോട്ടു വേണമെങ്കിലും പൊക്കോട്ടെ 'നമുക്ക് ഇവിടെ കൂട്ടായി മനുഷ്യരുണ്ട്'.

Post a Comment

0 Comments